Sunday 28 February 2016

കാത്തിരുപ്പ് .

നീലജലാശയമേ ,
അങ്ങകലെനിന്നും ശാന്തമായ് ഒഴുകിയടുത്തതെന്തിന് ?
ശക്തമായ തിരമാലകളാല്‍ പാദങ്ങള്‍ക്കടിയിലെ പഞ്ചാരമണല്‍ത്തരികളെ ചുംബനങ്ങളാല്‍ വാരിയെടുത്തു നിന്‍ മാറിന്‍ ആഴങ്ങളിലേക്ക് ചേര്‍ന്ന് മടിത്തട്ടില്‍ അലസമായ് ചിതറിക്കിടക്കുമ്പോള്‍ നീലജലാശയങ്ങള്‍ക്കടിയില്‍ ഇരുട്ടായിരുന്നില്ലേ ...
ആഴങ്ങളില്‍ മറയുന്നത് ,
കൂര്‍മ്മങ്ങളും മത്സ്യങ്ങളും മറ്റു ജീവജാലങ്ങളും
ജീവന്‍ തന്നിലേക്കാവാഹിക്കാന്‍ മുത്തിമുത്തി നുണയുമ്പോള്‍
പൂര്‍ണ്ണതയില്‍ എത്താന്‍ ജന്മജന്മാന്തരങ്ങളായ് വെമ്പിയതും .,
ശാന്തമായ് സായാഹ്നം പിറവിയെടുക്കുമ്പോള്‍ നിഴല്‍ നിഴലിനെ കൂട്ടിയിണക്കി ലയിപ്പിച്ചതും നിന്നില്‍ .
മിന്നിമറയുന്ന കോപഗ്രസ്ഥനും ശാന്തനും അസ്തമയത്തിനു മാധുര്യമേകുന്നു .
നിന്‍റെ സാമീപ്യം ഇഷ്ടപ്പെടാത്തവര്‍ ആര് ?
നിന്നെ വേദനിപ്പിക്കാത്തവര്‍ ആര് !
ഇഷ്ടങ്ങളും അനിഷ്ടങ്ങളും സമാസമം .
നീ എത്രയോ വിശപ്പിനെ ശമിപ്പിക്കുന്നു .
ജന്മജന്മാന്തരമായ് കൈവന്ന സൌഭാഗ്യം ഒടുക്കം ഒരുരുളയാക്കി അവസാനിപ്പിക്കുന്നതും ,
സാഗരമേ നിന്നിലേക്ക്‌ ലയിച്ചുചേരാന്‍ ...
ഒരു കുടം ഭസ്മമായെങ്കില്‍ നിനക്ക് സമമായേനെ !
ഭൂതത്തെ മാറ്റിവെക്കട്ടെ .
സൗഭാഗ്യങ്ങളും വര്‍ത്തമാനവും ത്യജിച്ചു നിന്നിലേക്ക്‌ ലയിച്ച് തിരമാലകള്‍ക്കൊപ്പം ആടിത്തിമര്‍ക്കാനും അസ്തമയത്തിനു വര്‍ണ്ണങ്ങളായി ശോഭിക്കാനും വിധിക്കുക .
ജീവിതനൌക സാഗരത്തില്‍ എത്തിചേരുമ്പോള്‍ ജീവന്‍ പിന്നീടൊന്ന്‍ പുനര്‍ജനിക്കുന്നത് എന്തിനു വേണ്ടി ?
മൃദുവായ് മാടിവിളിക്കുംവരെ കാത്തിരിക്കുന്നു ..